കലോകം ട്രസ്റ്റ് ഫോര്‍ ഫോട്ടോഗ്രഫിയുടെ (ഇ.ടി.പി) ആദ്യ ഫോട്ടോ-ആര്‍ട്ട് സംരംഭമായ പ്രോജക്റ്റ് 365 തിരുവണ്ണാമലൈ 2014-2015 കാലയളവില്‍ മൂവ്വായിരത്തിലധികം ദൃശ്യബിംബങ്ങളിലൂടെ വിജയകരമായി പൂര്‍ത്തീകരിച്ചു. രാജ്യത്തിനകത്തുനിന്നും
പുറത്തുനിന്നുമുള്ള ഇരുപത്തിയഞ്ച് ഫോട്ടോഗ്രഫര്‍മാര്‍ ചേർന്നാണ് ഈ വിസ്മയം സൃഷ്ടിച്ചത്. ഇപ്പോള്‍ തിണ്ടിസ് (തൊണ്ടി), മുസിരിസ്
(മുചിരി), കൊര്‍കൈ എന്നീ സംഘകാല തുറമുഖങ്ങളും അവയുടെ ഉപതുറമുഖങ്ങളും, ഉള്‍നാടുകളും അടിസ്ഥാനമാക്കി ഇ.ടി.പി.യുടെ രണ്ടാമത് ഫോട്ടോ-ആര്‍ട്ട് സംരംഭമായ പ്രോജക്റ്റ് 365
ത്രിസംഘം പോര്‍ട്ട് ആരംഭം കുറിക്കുന്നത് സന്തോഷത്തോടെ അറിയിക്കുന്നു. പുരാവസ്തുശാസ്ത്രപ്രകാരം ഈ തുറമുഖങ്ങളുടെ യഥാസ്ഥാനങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിലും കോഴിക്കോട് (പടിഞ്ഞാറ്) മുതല്‍ തൂത്തുക്കുടി (കിഴക്ക്) വരെയുള്ള തീരപ്രദേശങ്ങളും, അനുബന്ധ പട്ടണങ്ങളുമാണ് പ്രോജക്റ്റ് 365 ത്രിസംഘം പോര്‍ട്ട് ലക്ഷ്യമിടുന്നത്. ഇ.ടി.പി.യുടെ ഈ സംരംഭത്തില്‍ തദ്ദേശ ഫോട്ടോഗ്രഫര്‍മാരുടെ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കാന്‍ ഏകലോകം ട്രസ്റ്റ് ആഗ്രഹിക്കുന്നു.

തിണ്ടിസ്, മുസിരിസ്, കൊര്‍കൈ എന്നീ സംഘകാല തുറമുഖങ്ങളെ കേന്ദ്രീകരിച്ച് വിവിധ തലങ്ങളില്‍ സാധ്യമാകാവുന്ന ഫോട്ടോദൃശ്യബിംബങ്ങളും അവയുടെ തുടര്‍ച്ചകളും സൃഷ്ടിക്കാനുള്ള ഒരു പൊതു സാംസ്‌കാരിക കൂട്ടായ്മയുമാണ് പ്രോജക്റ്റ് 365 ത്രിസംഘം പോര്‍ട്ട്. ഈ സംരംഭത്തിലൂടെ പ്രാചീനമായ സംഘകാല തുറമുഖങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ഇന്ന് എന്ന യാഥാര്‍ത്ഥ്യത്തിന്റെ ദേശകാലദൃശ്യങ്ങള്‍ ഫോട്ടോഗ്രഫുകളായി ഉടലെടുക്കും. അവ, കണ്കോണിലൂടെ ഭാവിയ്ക്കകം കാണുന്ന, ഈ നിമിഷത്തിന്റെ ക്യാമറാ നോട്ടങ്ങളുടെ പുരാവസ്തു ശേഖരമായിരിക്കും. ചരിത്രരഹിതമായ ചിത്രീകരണത്തിനൊ വിരസമായ ഡോക്യുമെന്ററി ഫോട്ടോഗ്രഫി ശൈലിക്കോ അപ്പുറമുള്ള ഒരു ആഖ്യാനരീതിയില്‍, സ്വപ്നസദൃശമായ ദൃശ്യപരമ്പരകള്‍ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ഈ തുറമുഖങ്ങളുടെയും അനുബന്ധപട്ടണങ്ങളുടെയും ചരിത്രവും
സാമ്പത്തിക സാമൂഹ്യശാസ്ത്രവും രാഷ്ട്രീയവും ഊടും പാവും നെയ്യുന്ന വേറിട്ട കാഴ്ചകളിലൂടെ നവീനമായ ഒരു സൗന്ദര്യാവബോധം സൃഷ്ടിക്കാനുള്ള ഒത്തുചേരല്‍ കൂടിയാണിത്. കിഴക്കന്‍ തീരത്തിന്റെ മണ്സൂണ് കാറ്റുകളിലേക്കും സൂര്യാസ്തമനങ്ങളിലേക്കും കടല്‍ക്ഷോഭങ്ങളിലേക്കും ഒപ്പം ഈ തുറമുഖനഗരങ്ങളില്‍ ലയിച്ചു ചേര്‍ന്ന ഐതിഹ്യങ്ങളും വിചാരങ്ങളും വിശ്വാസങ്ങളും സാഹിത്യവും സംഗീതവും നാട്ടറിവുകളും കെട്ടുകഥകളും ഇച്ഛാഭംഗങ്ങളും ചേര്‍ന്ന സംസ്‌കാരിക ജീവിതത്തിലേയ്ക്കാകെയും സൂക്ഷ്മതലത്തില്‍ ക്യാമറ കടന്നു ചെല്ലും. നാടിന്റെ പുരാതന ഭൂപടങ്ങളും ജലപാതകളും യുദ്ധങ്ങളും പലായനങ്ങളും ഈ കാഴ്ചപ്പാടങ്ങളില്‍ നിന്ന് കൊയ്‌തെടുക്കാനാവുമെന്നാണ് പ്രോജക്റ്റ് 365 ത്രിസംഘം പോര്‍ട്ട് പ്രത്യാശിക്കുന്നത്.

പുരാതന തുറമുഖനഗരങ്ങളായ തിണ്ടിസ്, മുസിരിസ്, കൊര്‍കൈ
എന്നിവക്ക് അറേബ്യ, റോം, ഈജിപ്ത് തുടങ്ങി പല മെഡിറ്ററേനിയന്‍ ദേശങ്ങളുമായും ചൈന പോലുള്ള ഏഷ്യന്‍ രാജ്യങ്ങളുമായും രണ്ടായിരം വര്‍ഷത്തെയെങ്കിലും വ്യാപാര വിനിമയ ബന്ധമുണ്ട്. സംഘകാല തമിഴകം, സില്‍ക് റൂട്ട് വ്യാപാരവുമായി അടുത്ത
ബന്ധവും മത്സരവും പുലര്‍ത്തിയിരുന്നു എന്നാണ് ചരിത്രം
രേഖപ്പെടുത്തുന്നത്.

തിണ്ടിസ് നഗരത്തിന് ബി.സി.ഇ. ഓം നൂറ്റാണ്ടില്‍ പോലും
അറബികളുമായി വലിയതോതില്‍ കച്ചവടബന്ധമുണ്ടായിരുന്നു.
ബംഗാള്‍ ഉള്‍ക്കടല്‍തീരത്ത് സ്ഥിതിചെയ്തിരുന്ന കൊര്‍കൈ
പാണ്ഡ്യന്മാരുടെ തലസ്ഥാനവും അവരുടെ ഏറ്റവും പ്രൗഢവും സമ്പന്നവുമായ വാണിജ്യനഗരവും ആയിരുന്നു. സംഘകാല കൃതികളിലും പാശ്ചാത്യയാത്രികരുടെ കുറിപ്പുകളിലും ഇവിടുത്തെ പവിഴകൃഷിയുടെ ഖ്യാതിയെപ്പറ്റി എഴുതിയിട്ടുണ്ട്. രാഷ്ട്രാന്തര സമുദ്രവ്യാപാരത്തിന്റെ സമൃദ്ധിയാല്‍ സമ്പന്നമായിരുന്ന ഈ തുറമുഖ നഗരങ്ങളുടെ കച്ചവടമേല്‍ക്കോയ്മ കാലാന്തരത്തില്‍ പല
കാരണങ്ങളാല്‍ നഷ്ടപ്പെട്ടു പോകുകയാണുണ്ടായത്.

അടയാളങ്ങളൊന്നും ബാക്കിവെക്കാതെ തനിമയും ചരിത്രത്തിന്റെ ഈടുവെയ്പ്പുകളും ദൈനംദിനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ നഗരങ്ങളുടെ ഇന്നത്തെ അവസ്ഥ വിവിധ തരത്തിലുള്ള ഇടപെടലുകള്‍ ആവശ്യപ്പെടുന്നുണ്ട്. ഈ തുറമുഖ നഗരങ്ങളുടെ
ഭൂതകാലത്തേയും അതിലേക്ക് വെളിച്ചംവീശുന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ഈടുവെയ്പ്പുകളെയും സമകാലിക സമൂഹത്തിന്റെ ജീവിതവ്യവഹാരവുമായി ഘടിപ്പിക്കുന്ന ഫോട്ടോഗ്രഫിക് ശേഖരങ്ങള്‍ ഉണ്ടാക്കലാണ് പ്രോജക്റ്റിന്റെ ഒന്നാം ഘട്ടം. ഈ സമാഹരണത്തിലൂടെ മൂന്നു തുറമുഖനഗരങ്ങളും അവയുടെ പരദേശ സംബന്ധങ്ങളും സാംസ്‌കാരിക തലത്തില്‍ ഉണ്ടാക്കിയ, ഇന്നും നിലനില്‍ക്കുന്ന അലയൊലികള്‍ കണ്ടെത്തലാണ് പ്രോജക്റ്റ് 365 ത്രിസംഘം പോര്‍ട്ടിന്റെ അടിസ്ഥാന ലക്ഷ്യം.

ഡോക്യുമെന്റേഷന്‍ എന്ന ചട്ടക്കൂടില്‍ നിന്ന്  വളരുന്ന ഒരു
മാധ്യമമായി ഫോട്ടോഗ്രഫി പരിണമിച്ചുകൊണ്ടിരിക്കുന്നു. നിത്യവും
നിശ്ചലമാക്കപ്പെടുന്ന ആയിരക്കണക്കിന് ദൃശ്യസന്ദര്‍ഭങ്ങളിലൂടെ
സംഗീതത്തിന് സമാനമായ ഒരു ജനപ്രിയത നേടിയെടുക്കാന്‍ ഈ മാധ്യമത്തിന് സാധിച്ചിട്ടുണ്ട്. ഈ ജനപ്രിയതയെ സ്വന്തം ദേശകാലങ്ങളുടെ കഥകള്‍ കണ്ടെത്തുന്നതിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അപ്രകാരം ഫോട്ടോഗ്രഫിയെ കൂടുതല്‍ ജൈവപരമാക്കുകയും ചെയ്യാനാണ് പ്രോജക്റ്റ് 365 ത്രിസംഘം പോര്‍ട്ട് ശ്രമിക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് ഫോട്ടോഗ്രഫിയിലെ സാധ്യതകളും നൂതന സാങ്കേതികതകളും അടുത്തറിയാന്‍ പൊതുപങ്കാളിത്തം വഴിയുള്ള ഈ പ്രോജക്റ്റിന്റെ നടത്തിപ്പ് അവസരം നല്‍കും. തനതായ സാംസ്‌കാരികപാരമ്പര്യത്തെ തിരിച്ചറിയുവാനും പുനഃസൃഷ്ടിക്കുവാനും സംരക്ഷിക്കുവാനും തദ്ദേശജനതയെ പ്രേരിപ്പിക്കുന്നതിനൊപ്പം ഓരോ പ്രദേശത്തും സമീപസ്ഥവും തുറന്നതുമായ ഒരു ഫോട്ടോ ആര്‍ക്കൈവ് സൃഷ്ടിക്കുക എന്നതും ഈ കലാസംരംഭത്തിന്റെ പരമപ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്.

സ്വത്വത്തെക്കുറിച്ചുള്ള തെറ്റായ ചരിത്ര സാംസ്‌കാരിക നിര്‍മ്മിതികള്‍ ജനതതികളെ അക്രമാസക്തമാംവിധം അന്ധരാക്കുന്ന ഒരു കാലത്ത് ക്യാമറാ ഫ്‌ളാഷുകളിലൂടെ തെളിഞ്ഞുകിട്ടുന്ന സൗന്ദര്യാത്മകമായ ആയുധങ്ങളെ തിരിച്ചറിയാനാകുമെന്ന ശുഭപ്രതീക്ഷയാണ് ഈ പ്രക്രിയയുടെ അടിസ്ഥാന ഊര്‍ജ്ജം.